Mar 11, 2013


പ്രാര്‍ഥനകള്‍ നിത്യജീവിതത്തില്‍ 








ഉറക്കത്തില്‍നിന്നും ഉണര്‍ന്നാല്‍ പറയേണ്ടത്.
 

 اَلْحَمْدُلِلهِ الَّذِي أَحْيَانَا بَعْدَمَااَمَاتَنَا وَإِلَيْهِ النُشُور  

"ഞങ്ങളെ മരിപ്പിച്ചതിനു ശേഷം ജീവിപ്പിച്ച
അല്ലാഹുവിനാകുന്നു സര്‍വ്വ സ്തുതിയും.,
അവനിലേക്കു തന്നെയാണ് ഒരുമിച്ചുകൂട്ടപ്പെടുന്നതും."
 
===============================================================
 
കേട്ടു പഠിക്കാന്‍ ഇവിടെ കാണുന്ന വീഡിയോ പ്ലേ ചെയ്യുക. 
 
 
 

ഏതാനും ചില കാര്യങ്ങള്‍ 
 
 
ഉറക്കം ഒരത്ഭുത പ്രതിഭാസമാണ്. ഒരു വലിയ അനുഗ്രഹവുമാണ്. ഉറങ്ങിക്കഴിയുന്നതോടെ നാം ഈ ബാഹ്യലോകത്തു നിന്നും കുറേ നേരത്തേക്ക് അകന്നുപോകുന്നു. ബോധരഹിതനാകുന്നു. എന്നാല്‍ ഒരു ഓപ്പറേഷനു വിധേയമാക്കപ്പെടുന്നവന്‍ ബോധംകെട്ടു കിടക്കുന്നതുപോലെയാണോ?! തീര്‍ച്ചയായും അല്ല. പിന്നെയോ!.. നുള്ളിയാല്‍ അറിയും,വേദനിക്കും. പക്ഷെ,‍ ഉറക്കത്തില്‍ നമ്മെ നുള്ളാന്‍ വരുന്നവനെകുറിച്ച് നാം‍ അറിയുന്നേയില്ല. അതുവരെ ഉണ്ടായിരുന്ന നമ്മുടെ കഴിവും ബോധവുമെല്ലാം ഇതാ അല്പനേരത്തേക്ക് നഷ്ടമായിരിക്കുന്നു. പുറമെ നടക്കുന്നതൊന്നും അറിയുന്നില്ല. ബാഹ്യലോകത്തുള്ള ഒന്നും കാണാന്‍ സാധിക്കുന്നില്ല. അടുത്തുള്ള ഒരാളും കാണുന്നതോ കേള്‍ക്കുന്നതോ ആയ ഒരുകാര്യവും നാം‍ അറിയുന്നില്ല. എന്നാല്‍ അവര്‍ കേള്‍ക്കുന്നില്ലാത്ത കാണുന്നില്ലാത്ത പലകാര്യങ്ങളും നാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നു. നമ്മുടെ സ്വപ്നത്തിലൂടെ. അതു ചിലപ്പോള്‍ മുറ്റത്തെ മുല്ലവള്ളിച്ചെടിയില്‍ ഊഞ്ഞാലാടുന്ന വാലാട്ടിക്കിളിയുടെ കളകൂജനമാവാം. നാം അത് ആസ്വദിച്ചു സന്തോഷിക്കുന്നുണ്ട്‌. പക്ഷെ പുറമെയുള്ളവര്‍ ആരും ആ കിളിനാദം കേള്‍ക്കുന്നില്ല. ചിലപ്പോള്‍ തൊട്ടുപിന്നില്‍ ചിന്നംവിളിച്ചു ഓടിയടുക്കുന്ന ഒരു ആനയെയായിരിക്കും  നാം കാണുന്നത്. പക്ഷെ കാതടിപ്പിക്കുന്ന ശബ്ദത്തില്‍ ചിന്നംവിളിച്ചുകൊണ്ട് ഓടിവന്ന ആ ആനയെ പുറമെയുള്ള ആരും കാണുന്നില്ല. ആ ചിന്നംവിളി ആരും കേള്‍ക്കുന്നുമില്ല.  പക്ഷെ നമ്മുടെ കാര്യമോ!?.. പേടിച്ചു നിലവിളിച്ചോടി തളര്‍ന്നിരിക്കുന്നു. നന്നായി വിയര്‍ത്തിട്ടുണ്ട്. മുറത്തില്‍ കൊട്ടുന്ന ശബ്ദത്തിലാണ് ഹൃദയമിടിപ്പ്‌. പെട്ടന്നാണ് ഞെട്ടിയുണര്‍ന്നത്. അതെ, അല്പനേരത്തേക്ക് നഷ്ടപ്പെട്ടിരുന്ന തന്റെ ബോധം ഇതാ‍ തിരിച്ചു
കിട്ടിയിരിക്കുന്നു, ഒപ്പം നഷ്ടപ്പെട്ട കഴിവുകളും.

എന്താണ് യഥാര്‍ഥത്തില്‍ മരണം,ഉറക്കം,സ്വപ്നം എന്നിത്യാദി കാര്യങ്ങളൊക്കെ?!. മരണത്തോടെ പിന്നീട് തിരിച്ചുവരാത്തവിധം ഒരാളില്‍നിന്നും നഷ്ടപ്പെടുന്നത് എന്താണ്?. ജീവിച്ചിരുന്നപ്പോള്‍ അത് എവിടെയാണ് നിലകൊണ്ടിരുന്നത്?. അത് എവിടെനിന്ന് വന്നതായിരുന്നു?. മരണത്തോടെ അതെങ്ങോട്ടാണ് പോയത്?. ഉറക്കവും മരണവും തമ്മില്‍ പ്രധാനപ്പെട്ട വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്?. മരിച്ചുപോയവനില്‍ നിന്നും തിരിച്ചുവരാത്തവിധം എന്നന്നേക്കുമായി നഷ്ടപ്പെട്ടതും, ഉറങ്ങിക്കിടന്നവനില്‍ നിന്നും തല്‍ക്കാലത്തേക്ക് നഷ്ടപ്പെടുകയും പിന്നീട് തിരിച്ചുലഭിച്ചതുമായ വസ്തു എന്തായിരുന്നു! അവ രണ്ടുംതമ്മില്‍ ഏതെങ്കിലും വിധത്തിലുള്ള വല്ല ബന്ധവുമുണ്ടോ? ശ്വാസോച്ഛാസവും, ബോധപൂര്‍വ്വമല്ലാത്ത ചില ചലനങ്ങളും മാത്രം അവശേഷിപ്പിച്ചുകൊണ്ട് ഉറങ്ങുന്നവനില്‍ തങ്ങിനിന്ന ആ ജീവാംശം എന്തായിരിക്കും?!. പിന്നീട് പൂര്‍ണ്ണരൂപത്തില്‍ തിരിച്ചുവന്ന ജീവാംശം അതുവരെ എവിടെയായിരുന്നു?.


മരിച്ചുകഴിഞ്ഞവന്‍ തിരിച്ചുവരാത്തതിനാല്‍ അവന്റെ അനുഭവങ്ങളൊന്നും നാം അറിയാതെപോകുന്നു. എന്നാല്‍ ഉറങ്ങിക്കിടന്നവന്‍ ഉണര്‍ന്നപ്പോള്‍ അവനുണ്ടായ ഭയാനകമായ അനുഭവങ്ങള്‍ നമ്മോടു പങ്കുവെക്കുന്നു. അപ്പോള്‍ നമുക്കും മുന്‍പ് ഇതുപോലെയുണ്ടായിട്ടുള്ള നല്ലതോ നല്ലതല്ലാത്തതോ ആയിട്ടുള്ള സ്വപ്നാനുഭാവങ്ങളെ കുറിച്ച് തിരിച്ചും നാം പങ്കുവെക്കുന്നു. എന്നാല്‍ ഉറക്കത്തില്‍നിന്നും ഉണരാന്‍ സാധിച്ചില്ലെങ്കില്‍ ഒരാള്‍ക്കുണ്ടായ അനുഭവങ്ങളെ പങ്കുവെക്കാന്‍ അയാള്‍ക്കു കഴിയുമായിരുന്നോ?!. അങ്ങനെ ഉണരാന്‍ സാധിക്കാത്ത ഒരാളുടെ അവസ്ഥകള്‍ എന്തൊക്കെയായിരിക്കും?. മണിക്കൂറോളം നീണ്ടുനിന്ന ഒരു സ്വപ്നാനുഭവത്തിന് യഥാര്‍ഥത്തില്‍ സെക്കന്റുകളില്‍ കുറഞ്ഞ സമയമേ ആവശ്യമായിവരുന്നുള്ളൂ എന്നതാണ് ആധുനിക ശാസ്ത്രാനുമാനം. ഇതും ഏറെ ചിന്തകൊടുത്തു പഠിക്കേണ്ടതുള്ള ഒരു വിഷയമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ആധുനികശാസ്ത്രം ഒരുപാട് പുരോഗതി കൈവരിച്ച ഈ കാലഘട്ടത്തില്‍പോലും മരണം,ഉറക്കം,സ്വപ്നം എന്നിത്യാദി കാര്യങ്ങളൊക്കെ ഉത്തരംകിട്ടാത്ത സമസ്യയായിതന്നെ തുടരുകയാണ്. ചില വാക്കുകസര്‍ത്തുകളൊക്കെ നടത്തി നോക്കിയിട്ടുണ്ടെങ്കിലും മരണം, ഉറക്കം, സ്വപ്നം എന്നിവയുടെ കാര്യത്തില്‍ ഫലപ്രദമായ ഒരു നിര്‍വ്വചനം നല്‍കാന്‍ ആധുനിക ശാസ്ത്രത്തിന് ഇന്നും സാധിച്ചിട്ടില്ല.

എന്നാല്‍ മനുഷ്യനടക്കം മുഴുവന്‍ സൃഷ്ടികളുടെയും സ്രഷ്ടാവ് ഉറക്കത്തെകുറിച്ച് നിഷേധിക്കാന്‍ പറ്റാത്ത ഒരു വിവരണം നമുക്ക് നല്‍കുന്നുണ്ട്. വി:ക്വുര്‍ആനില്‍ അല്ലാഹു പറയുന്നത് കാണുക. 

 اَللَّهُ يَتَوَفَّى الْأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا فَيُمْسِكُ الَّتِي قَضَى عَلَيْهَا الْمَوْتَ وَيُرْسِلُ الْأُخْرَى إِلَى أَجَلٍ مُسَمًّى إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ 

"ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌". (അധ്യായം 39 സുമര്‌ , സൂക്തം 42)

ഒരു മനുഷ്യന്റെ മരണവേളയില്‍ അവന്റെ ആത്മാവിനെ പൂര്‍ണ്ണമായും അല്ലാഹു ഏറ്റെടുക്കുന്നു. എന്നാല്‍ ഇതല്ലാതെതന്നെ ഓരോ മനുഷ്യരുടെയും ആത്മാക്കളെ അല്ലാഹു അവരുടെ ഉറക്കത്തില്‍ പിടിച്ചുവെക്കുകയും പിന്നീട് അവരിലേക്കുതന്നെ ഒരു നിശ്ചിത അവധിവരെ വീണ്ടും മടക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ആ ഉറക്കത്തിലൂടെ ഒരാളുടെ മരണം അല്ലാഹു വിധിച്ചിട്ടുണ്ടെങ്കില് ആത്മാവിനെ അവനിലേക്ക്‌ തിരിച്ചുവിടാതെ പൂര്‍ണ്ണമായും പിടിച്ചു വെക്കുകതന്നെ ചെയ്യുന്നു. അങ്ങനെ ആ മനുഷ്യന്‍ ജീവിതത്തിലേക്ക് തിരിച്ചു വരാതെ ഉറക്കമെന്ന അര്‍ദ്ധമരണത്തില്‍ നിന്നും മടക്കമില്ലാത്ത പൂര്‍ണ്ണ മരണത്തിലേക്ക് നീങ്ങുന്നു. അഥവാ അവന്റെ യഥാര്‍ത്ഥ മരണം സംഭവിക്കുന്നു.

സഹോദരങ്ങളെ, ചിന്തിക്കുക.
കാരുണ്യവാനായ അല്ലാഹു നമുക്ക് നല്‍കുന്ന ഓരോ പ്രഭാതവും തെറ്റുകളില്‍ നിന്നും മാറിനിന്നുകൊണ്ട്‌ കൂടുതല്‍ നന്മകള്‍ ചെയ്തു മുന്നേറാനുള്ള അവസരങ്ങളാണ്. നമുക്ക് ലഭിക്കുന്ന വിലമതിക്കുവാന്‍ പറ്റാത്ത ഈ അനുഗ്രഹത്തിന് നാം നന്ദി കാണിക്കേണ്ടതില്ലേ?. അല്ലാഹുവിനെ അങ്ങേയറ്റം സ്തുതിക്കേണ്ടതില്ലേ?. നമ്മുടെ നാഥനെ സ്തുതിച്ചു കൊണ്ടുള്ള ഒരു വചനം ചൊല്ലാന്‍ ഏതാനും സെക്കന്റുകള്‍ മാത്രമേ വേണ്ടിവരുന്നുള്ളൂ എന്നിരിക്കെ ആ കാര്യത്തില്‍ പോലും എത്രമാത്രം അശ്രദ്ധയിലാണ് നാം എന്നത് ഓരോരുത്തരും ആലോചിക്കേണ്ട കാര്യമാണ്.

==================== ******* ====================

<<< തിരികെ പോകാന്‍