Apr 9, 2013

'അമ്പത്തൊന്നാം വയസ്സിൽ ക്വുർആൻ പഠനം'
 അശ്റഫ്ക്ക മാതൃകയാവുന്നു 

"ഠിക്കേണ്ട സമയത്ത് പഠിച്ചില്ല. ഇനിയിപ്പോൾ അതിനു മിനക്കെട്ടിട്ടു കാര്യവുമില്ല . ഈ പ്രായത്തിൽ ഇനി എങ്ങനെ തലയിൽ കയറാനാണ്"!?.

"പഠിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ നടക്കുന്നില്ല. നൂറുകൂട്ടം കാര്യങ്ങൾക്കിടയിൽ ഇതങ്ങോട്ട് തലയിൽ കയറേണ്ടേ"!?.

"ആ... ഇനിയിപ്പോ ആഗ്രഹിച്ചിട്ടുതന്നെ എന്തുകാര്യം! പഠിക്കേണ്ട പ്രായമൊക്കെ കഴിഞ്ഞില്ലേ!?.. അതുകൊണ്ട് ഇങ്ങനെയങ്ങു പോകട്ടെ".

മുകളിൽ കൊടുത്തതു പോലെയുള്ള  വാക്കുകൾ പലരിൽനിന്നും കേട്ടിട്ടുണ്ട്. കുട്ടിപ്രായം കഴിഞ്ഞാൽ, പ്രത്യേകിച്ചും പ്രായം അല്പം കൂടുതലായാൽ പിന്നെ പഠനമെന്നത് തികച്ചും അപ്രാപ്യമായ ഒരു സംഗതിയായിത്തീരുന്നു എന്നു കരുതുന്നവരാണ് നമ്മിലധികവും. അതിനു കാരണമായി പല കാര്യങ്ങളെയും നാം ചൂണ്ടിക്കാണിക്കുന്നു. കുടുംബകാര്യങ്ങളിലുള്ള ചിന്ത, ജോലി, പ്രാരബ്ധം, എന്നിങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക. ഇതിന്റെയൊക്കെ നടുവിൽ എന്തു പഠിച്ചാലും അത് ഓർമ്മയിലിരിക്കില്ല എന്നാണു വാദം. ഇത് പൂർണ്ണമായും ശരിയല്ല. കുട്ടികൾക്ക്‌ പഠനം എളുപ്പമാകാൻ ഒരുപാട് അനുക്കൂല ഘടകങ്ങൾ ഉണ്ട് എന്നത് ശരിതന്നെ. എന്നാൽ ആത്മാർഥമായ ആഗ്രഹം, അലസതയില്ലാത്ത മനസ്സ്, ആത്മവിശ്വാസവും ശുഭപ്രതീക്ഷയും മുന്നിൽ വെച്ചുകൊണ്ടുള്ള നിരന്തരശ്രമം, ഇവ മൂന്നും ഒത്തുവന്നാൽ ഏതുപ്രായത്തിലും പഠനം സാധ്യവും മധുരവുമാണെന്ന സത്യം പലരും തിരിച്ചറിയാതെ പോകുന്നു എന്നതാണ് ശരി. ഇതു മനസ്സിലാക്കാതെ "പഠിക്കേണ്ട പ്രായമൊക്കെ കഴിഞ്ഞില്ലേ, ഇനി ഇങ്ങനെയങ്ങു പോകട്ടെ" എന്നു തീരുമാനിക്കുന്നത് യഥാർഥത്തിൽ സത്യത്തെ അവഗണിക്കലല്ലേ എന്ന് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു.


പ്രായം മറന്നു പഠിക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവർക്ക് മാതൃകയാവുകയാണ് അമ്പത്തൊന്നുകാരനായ അശ്റഫ്ക്ക. മുഴുവൻ പേര് ഹംസഅശ്റഫ് വലിയവീട്ടിൽ. കൊച്ചിയാണ് സ്വദേശം. സൗദിയിൽ ആറ്, ഖത്തറിൽ നാല്,യു.എ.ഇ യിൽ ഏഴ് എന്നിങ്ങനെ പതിനേഴു വർഷമായി പ്രവാസജീവിതം നയിക്കുകയാണ്. മലയാളത്തിനു പുറമെ അറബി, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്
എന്നീ ഭാഷകളിലും സംസാരിക്കാൻ വശമുണ്ട്. ഇപ്പോൾ ഒരു വർഷമായി ദുബൈ സഅ്ബീല്‍ പാലസിൽ ഡ്രൈവറായി ജോലിചെയ്തു വരികയാണ്. താമസിച്ചിരുന്ന ക്യാമ്പിൽനിന്നും ഈയിടെയാണ് അൽ-ക്വൂസിലുള്ള സഅ്ബീല്‍ അക്കൊമൊഡേഷനിലേക്ക് മാറിയത്.

ഇദ്ദേഹവുമായി പള്ളിയിൽവെച്ചു കണ്ടുമുട്ടിയ ഒരു സന്ദർഭത്തിൽ എന്നോട് ചോദിച്ചു "എനിക്ക് ഒരു ഉപകാരം ചെയ്തു തരാമോ?" എന്ന്. ഒരൽപം ലജ്ജയും എന്നാൽ വലിയ പ്രതീക്ഷയും സ്ഫുരിക്കുന്നതായിരുന്നു ആ ചോദ്യം.

"എന്തു ഉപകാരമാണ് ഞാൻ ചെയ്യേണ്ടത്?". എന്റെ തിരിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം ഇപ്രകാരം പറഞ്ഞു., "കുറെ നാളുകളായി ക്വുർആൻ ഓതാൻ പഠിക്കണമെന്ന് ആഗ്രഹിക്കുന്നു. അതിനുപറ്റിയ ഒരു അവസരം കിട്ടിയിട്ടില്ലായിരുന്നു. ഇപ്പോൾ ഇവിടെവന്നു നിങ്ങളെ പരിചയപ്പെട്ടപ്പോൾമുതൽ കരുതിയതാണ് ഈ കാര്യം ഒന്ന് പറയണമെന്ന്".

ക്വുർആനോതാൻ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ തെറ്റുകളൊന്നും കൂടാതെ നന്നായി പാരായണം ചെയ്യാൻ പഠിക്കണമെന്നായിരിക്കും ഉദ്ദേശിക്കുന്നത് എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ കൂടുതൽ സംസാരിച്ചപ്പോഴാണ് അറബിയക്ഷരങ്ങൾ മുതൽ പഠിച്ചുതുടങ്ങുന്ന കാര്യമാണ് അദ്ദേഹം പറയുന്നതെന്നു മനസ്സിലായത്. 'അലിഫ്-ബാ-താ' എന്ന പഴയ പഠനരീതി പ്രകാരമുള്ള ഒരു വാക്ക് അദ്ദേഹത്തിന് അറിയാമെങ്കിലും എന്താണ് അലിഫ്, ബാഅ് എഴുതേണ്ടത് എങ്ങനെയാണ് എന്നൊന്നും അദ്ദേഹത്തിനു അറിയില്ലായിരുന്നു.

പഠനം തുടങ്ങി. ആദ്യം ഞാൻ രണ്ടക്ഷരമുള്ള ഒരു പദം എഴുതിക്കൊടുത്തു. എന്നിട്ട് അതിലെ അക്ഷരങ്ങൾ ഏതാണ് എന്നതും,എന്താണ് ആ പദത്തിന്റെ അർത്ഥമെന്നതും മനസ്സിലാക്കിക്കൊടുത്തു. എല്ലാം ശ്രദ്ദിച്ചു കേട്ടെങ്കിലും ഒരു തൃപ്തി വരാത്ത വിധത്തിൽ കൊച്ചി സ്റ്റൈലിൽ ഒരൊറ്റച്ചോദ്യമായിരുന്നു.
"അല്ല,നിങ്ങളെന്താണ്‌ ഇങ്ങനെ പഠിപ്പിക്കണത്?..
ആദ്യം 'അലിഫ് ബാത' പഠിപ്പിക്കണില്ലേ?!".

ആ ചോദ്യത്തിലെ നിഷ്കളങ്കതയും അമ്പരപ്പും ഞാൻ നന്നായി ആസ്വദിച്ചു. "അശ്റഫ്ക്ക ധൃതി കൂട്ടേണ്ട... ഞാൻ പറഞ്ഞു തരുന്നതുപോലെ പഠിച്ചു തുടങ്ങിക്കോളിൻ. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ (ഇൻശാഅല്ലാഹ്) താങ്കൾക്ക് ഒരു ഏകദേശരൂപം കിട്ടിത്തുടങ്ങും".

അങ്ങനെ പഠനം ആ രീതിയിൽത്തന്നെ മുന്നോട്ടുപോയി. ആദ്യത്തെ രണ്ടുദിവസം വേറെ പദങ്ങളൊന്നും പറഞ്ഞുകൊടുത്തില്ല. പകരം ഇപ്പോൾ പഠിച്ചുകഴിഞ്ഞ പദത്തിലെ അക്ഷരങ്ങൾക്ക് അകാരം, ഇകാരം, ഉകാരം എന്നിവ നല്കുന്നതെങ്ങനെയെന്നും പിന്നീട് അതേ ക്രമത്തിൽ ദീർഘം നൽകുന്നതെങ്ങനെയെന്നും പഠിപ്പിച്ചു. ഇനി പഠിക്കാനിരിക്കുന്ന അക്ഷരങ്ങൾക്കൊക്കെ ഈ രീതിതന്നെയാണ് സ്വീകരിക്കേണ്ടത് എന്നും മനസ്സിലാക്കിക്കൊടുത്തു. പിന്നീടുള്ള ഓരോ ദിവസങ്ങളിലും തൊട്ടുമുൻപ് പഠിച്ച പദത്തിലെ രണ്ടക്ഷരവും കൂടെ ഒരു പുതിയ അക്ഷരവും ചേർത്തു മൂന്നക്ഷരങ്ങൾ വരുന്ന പദങ്ങൾ പഠിപ്പിച്ചുപോന്നു. സന്ദർഭോചിതം അക്ഷരങ്ങൾ കൂട്ടിയെഴുതുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങളും മനസ്സിലാക്കിക്കൊടുത്തിരുന്നു.

അപ്രകാരം വെള്ളി ശനി ദിവസങ്ങൾ ഒഴിവാക്കിക്കൊണ്ട് ഒന്നര മാസം കടന്നുപോയി. ഇരുപത്തിയെട്ടു അക്ഷരങ്ങളും പൂർത്തിയായിക്കഴിഞ്ഞ ശേഷം അതിന്റെ അക്ഷരമാലാ രൂപം പറഞ്ഞുകൊടുത്തിട്ട്‌ അദ്ദേഹത്തോട് ചോദിച്ചു "ഇപ്പോൾ അശ്റഫ്ക്കാടെ 'അലിഫ് ബാത്താ' പ്രശ്നം തീർന്നില്ലേ?" എന്ന്. അതിന് ഒരു ചിരിയായിരുന്നു മറുപടി. വെറും ചിരിയല്ല., ഒരു ആഗ്രഹ സാഫല്യത്തിന്റെ തിളക്കവും നന്ദിയും നിഴലിച്ച ചിരിയായിരുന്നു അത്.

ഇപ്പോൾ രണ്ടു മാസത്തോടടുക്കുന്നു. ഉച്ചാരണത്തിൽ അല്പം പോരായ്മകളൊക്കെ ഉണ്ടെങ്കിലും വി:ക്വുർആൻ ഓതിത്തുടങ്ങി
യിരിക്കുന്നു.അദ്ദേഹം സൂറ:അഹ്ക്വാഫിന്റെ ആദ്യഭാഗം പാരായണം ചെയ്തു പഠിക്കുന്നതിന്റെ ഒരു വീഡിയോചിത്രം മൊബൈലിൽ പകർത്തിയത് ഇതിന്റെ അവസാനഭാഗത്ത് ഞാൻ ചേർക്കുന്നുണ്ട്. അതിനു മുന്നോടിയായി ഒരുകാര്യംകൂടി സൂചിപ്പിക്കട്ടെ. "കുടുംബ പ്രാരബ്ധം ചിന്തയെ അലട്ടുമ്പോൾ പഠനം എന്നത് നടക്കുന്ന കാര്യമേയല്ല" എന്നു സംശയിക്കുന്നവർക്ക് മാതൃകയാണ് അശ്റഫ്ക്ക. കാരണം, മറ്റു പലരേയുംപോലെ ഒരുപാട് നീറുന്ന പ്രശ്നങ്ങൾക്കിടയിലാണ് അദ്ദേഹം ജീവിക്കുന്നത്. കടത്തെകുറിച്ചു ചിന്തിച്ച് ഉറക്കം നഷ്ടപ്പെട്ട രാത്രി ഈയിടെപോലും ഉണ്ടായത് അദ്ദേഹം എന്നോട് പറയുകയുണ്ടായി. എന്നിട്ടും ഒന്നരമാസക്കാലം കൊണ്ട് 'ക്വുർആൻ പഠിക്കണം' എന്ന അദ്ദേഹത്തിൻറെ ആഗ്രഹം പൂവണിഞ്ഞതിന്റെ പിന്നിലുള്ള രഹസ്യം,- പഠിക്കണമെന്ന ആഗ്രഹത്തിലെ ആത്മാർഥതയും, അലസതയില്ലാത്ത മനസ്സും, നിരന്തര ശ്രമവും മാത്രമായിരുന്നു.

ഇത് എന്റെ മിടുക്കുകൊണ്ടല്ല എന്ന കാര്യത്തിൽ എനിക്ക് തികഞ്ഞ ബോധ്യം ഉണ്ട്. കാരണം അദ്ദേഹത്തിന് പറഞ്ഞു കൊടുക്കാനുള്ളത് കൊടുത്തശേഷം ഞാൻ എന്റെ കാര്യങ്ങളുമായി കമ്പ്യൂട്ടറിനു മുന്നിലിരിക്കും. പറഞ്ഞു കൊടുക്കുന്നതാകട്ടെ കൂടിയാൽ പത്തുമിനിട്ട്. ബാക്കിസമയം മുഴുവനും അദ്ദേഹം എഴുതിയും വായിച്ചും സംശയങ്ങൾ ചോദിച്ചും പഠിച്ചുകൊണ്ടിരിക്കും. എന്നുവെച്ചാൽ പഠിക്കാൻ അദ്ദേഹം ചെലവഴിച്ച സമയത്തിന്റെ കുറഞ്ഞ ഒരംശം മാത്രമേ അദ്ദേഹത്തിനുവേണ്ടി ഞാൻ ചെലവഴിച്ചിട്ടുള്ളൂ എന്നർത്ഥം. എങ്കിലും കരുണാമയനായ അല്ലാഹു എന്നിൽനിന്നും ഇത് സ്വീകരിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ഞാനും സൗഭാഗ്യവാനാണ്.

രാവിലെ ഏഴരയോടെ ജോലിക്കുപോകുന്ന അശ്റഫ്ക്ക വൈകുന്നേരം ആറു മണിയോടെയാണ് തിരിച്ചെത്തുന്നത്. മഗ് രിബ് നമസ്കാരശേഷം തുടങ്ങി ഇശാനമസ്കാരത്തിനു ബാങ്ക് വിളിക്കുന്നതു വരെയുള്ള സമയത്താണ് പഠനം. "ഇപ്രാവശ്യത്തെ റമദാനിലെങ്കിലും പള്ളിയിലിരിന്ന് ക്വുർആനോതാൻ സാധിക്കണം., അത് എന്റെയൊരു ആഗ്രഹമാണ്". അശ്റഫ്ക്ക ഇടയ്ക്കിടെ പറയാറുള്ള കാര്യമാണിത്. അതെ, അദ്ദേഹത്തിൻറെ ഈ ആഗ്രഹം പൂർണ്ണമായും നിറവേറാൻ അല്ലാഹു അദ്ദേഹത്തെ സഹായിക്കട്ടെ.

ക്വുർആനിക സന്ദേശങ്ങൾ മുറുകെപിടിച്ചു നിന്റെ ഉത്തമ ദാസന്മാരായി ജീവിക്കാൻ അല്ലാഹുവേ... നീ ഞങ്ങളെ സഹായിക്കേണമേ.

വീഡിയോ 




=========================  *******  =========================

<<< വിഷയ വിവരങ്ങൾ >>>

7 comments:

  1. അഷ്രഫ്ക്കന്റെയും ഉസ്താദിന്റെയും പഠനത്തിനും ശ്രമങ്ങൾക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ.. ആമീൻ..

    ReplyDelete
  2. ഖുര്‍ആന്‍ പഠിക്കാനാഗ്രഹിക്കുന്ന നല്ല മനസ്സുകള്‍ക്ക് ഒരു തണല്‍ ആകാന്‍ ഇനിയും അബൂരസീലിനു കഴിയട്ടെ ആമീന്‍.

    ReplyDelete
  3. അഷ്‌റഫ്‌ക്കക്കും ഗുരുവിനും അല്ലാഹു ഇരു ലോകത്തും നന്മ വരുത്തട്ടെ

    ReplyDelete
  4. Alhadulillah, you are doing such a great things. Sure, It will be compensated by him(Allah).

    ReplyDelete
  5. അൽഹംദുലില്ലാഹ്.... ഇത്രയും പേരുടെ പ്രാർഥനകൾ കണ്ടതിൽ വളരെ സന്തോഷം. ഇത് വായിച്ചു ഒരാൾക്കെങ്കിലും പ്രചോദനമായാലോ എന്നതാണ് ഈ പോസ്റ്റിലൂടെ ഞാൻ ലക്‌ഷ്യം വെച്ചത്. എല്ലാവർക്കും ഒറ്റവാക്കിൽ നന്ദി രേഖപ്പെടുത്തുന്നു.

    ReplyDelete
  6. mashaa allaah...you did a great job Mr: Abooraseel usthad... may allah bless you and hamza sahib..aameen......

    ReplyDelete
  7. Allahu Akbar!!!... ahsan yaa ustad Abooraseel. സർവശക്തൻ നിങ്ങളെ അനുഗ്രഹിക്കുമാറവട്ടെ... ആമീൻ. ഈ ഖുർആനിന്റെ വെളിച്ചം എന്നും ജീവിതത്തിലെ ഒരു വഴികാട്ടിയവാൻ ഹംസ ഭായിയെ അള്ളാഹു സഹായിക്കട്ടെ.

    ReplyDelete