Aug 8, 2012

മോര് കുടിക്കൂ...കൊളസ്‌ട്രോള്‍ കുറയ്ക്കാം
---------------------------------------------------------------------------------

ളരെക്കാലം മുമ്പേ മലയാളികള്‍ ഉപയോഗിച്ചുവരുന്ന വിശിഷ്ട പാനീയമാണ് മോര്. ഇന്ത്യയില്‍ പൊതുവെയും തെക്കേ ഇന്ത്യയില്‍ പ്രത്യേകിച്ചും മോര് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.


പാനീയമായും കറിയായുമൊക്കെ പലവിധത്തില്‍ മോര് കഴിക്കുന്നവരാണ് ദക്ഷിണേന്ത്യക്കാര്‍. പച്ചമോര്, കാച്ചിയമോര്, പുളിശ്ശേരി, കാളന്‍ എന്നിവ മോരുകൊണ്ടുള്ള കറിയിനങ്ങളാണല്ലോ. കറിയുടെ ഗുരുത്വവും കൊഴുപ്പും വ്യത്യാസപ്പെടുന്നു എന്നതും തേങ്ങ ചേര്‍ക്കുന്നു എന്നതുമാണ് വിവിധ മോരുകറികള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം.

പാനീയമായി ഉപയോഗിക്കുന്ന മോരുവെള്ളമാണ് സംഭാരം. പച്ചമോരിനെക്കാള്‍ കൊഴുപ്പു കുറഞ്ഞതാണിത്. തൈര് വെള്ളംചേര്‍ത്തു നേര്‍പ്പിച്ച് അതില്‍ പഞ്ചസാര ചേര്‍ത്തുണ്ടാക്കുന്ന ലസ്സി എന്ന മധുര പാനീയം മോരിനേക്കാള്‍ കൊഴുപ്പും ഊര്‍ജവും കൂടിയതാണ്. ഇത് വടക്കേ ഇന്ത്യയിലാണ് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്.

കൊളസ്‌ട്രോള്‍ പ്രതിരോധത്തില്‍ മോരിന് വലിയ പ്രാധാന്യമുണ്ട്. കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ വഴിയൊരുക്കുന്ന ബൈല്‍ ആസിഡുകളുടെ പ്രവര്‍ത്തനം തടഞ്ഞ് അവയെ പുറന്തള്ളാന്‍ മോര് സഹായകമാണ്. ധാരാളം ഉലുവയും കറിവേപ്പിലയും ചേര്‍ത്ത് മോരുകാച്ചി ധാരാളമായി കഴിക്കുന്നതും കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും പ്രതിരോധത്തിനും സഹായകമാണ്.

പാല്‍ ഉറകൂടി തൈരായി മാറുമ്പോള്‍ അതില്‍ ചിലയിനം എന്‍സൈമുകള്‍ രൂപപ്പെടാറുണ്ട്. പാലിലെ മുഖ്യ പ്രോട്ടീനായ കേസീനിനെ വിഘടിപ്പിക്കുന്നവയാണ് ഈ എന്‍സൈമുകള്‍. കേസീന്‍ വിഘടിക്കുന്നതോടെ അതിന്റെ ദഹനം എളുപ്പമായിത്തീരും. അതിനൊപ്പം കുടലിലെ വിവിധയിനം ബാക്ടീരിയകളെ ഇല്ലാതാക്കുന്ന ആന്തരശുചീകരണവും നടത്തുന്നു. പതിവായി മോരു കഴിക്കുന്നവര്‍ക്ക് ഉദര കാന്‍സര്‍ പോലുള്ള രോഗങ്ങളുണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയുമെന്നും കണ്ടെത്തിയിട്ടുണ്ട്.

[സമ്പാദനം:- വര്‍ത്തമാനം ദിനപ്പത്രം(ഓണ്‍ലൈന്‍)2012 ജൂലൈ 21ലെ 'koottu' എന്ന പംക്തിയില്‍ നിന്ന്]





===============  *******  ===============