Aug 28, 2012



പാഠം ഏഴ്-തുടര്‍ച്ച (പേജ് രണ്ട്)
 
اَلْمَدُّالْفَرْعِيُّ :- (അസാധാരണ ദീര്‍ഘം)
 
മദ്ദ് മുന്നു വിധം ഉണ്ടെന്നു നാം മനസ്സിലാക്കിയല്ലോ.
ഒന്ന് اَلْمَدُّالْأَصْلِيُّ (സാധാരണ ദീര്‍ഘം), രണ്ട് اَلْمَدُّالْفَرْعِيُّ (അസാധാരണ ദീര്‍ഘം), മൂന്ന് اَلْمَدُّاللِّينِ (മൃദുവായ ദീര്‍ഘം). ഇതില്‍ اَلْمَدُّالْأَصْلِيُّ നെ കുറിച്ചാണ് ഈ പാഠത്തിന്റെ ആദ്യഭാഗത്ത് നാം പഠിച്ചത്.ഇനി നമുക്ക് اَلْمَدُّالْفَرْعِيُّ നെ കുറിച്ച് അഥവാ അസാധാരണ ദീര്‍ഘത്തെ കുറിച്ചു പഠിക്കാം. ഇതില്‍  اَلْمَدُّالْأَصْلِيُّ  നെ അപേക്ഷിച്ചു കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുണ്ട് എന്നതിനാല്‍ വളരെ ശ്രദ്ധയോടെ വേണം പഠിച്ചു തുടങ്ങാന്‍.
 
രണ്ടു കാരണങ്ങളാല്‍ اَلْمَدُّالْفَرْعِيُّ ഉണ്ടാകുന്നു എന്ന് നാം ആദ്യം മനസ്സിലാക്കുക. അവയില്‍ ഒന്നാമത്തെ കാരണം മദ്ദിന്റെ അക്ഷരങ്ങള്‍ക്ക് ( ا , و , ي ) ശേഷം ء വരിക എന്നതാണ്. ഉദാഹരണത്തിലൂടെ അത് വ്യക്തമാക്കാം. وَالسَّمَاءِ എന്ന പദം നോക്കുക. മീമിനെ നീട്ടാന്‍ വേണ്ടി മീമിനോട് ചേര്‍ത്തു നല്‍കിയിട്ടുള്ള അലിഫ് ആണല്ലോ ഈ പദത്തിലെ മദ്ദിന്റെ അക്ഷരം.ഈ മദ്ദക്ഷരത്തിനു ശേഷം ء (ഹംസ:) വന്നിരിക്കുന്നു. ഇങ്ങനെ മദ്ദിന്റെ അക്ഷരങ്ങള്‍ക്ക്  ശേഷം ء വരിക എന്നതാണ് ഒന്നാമത്തെ കാരണം. മദ്ദക്ഷരത്തിനു ശേഷം ء വരുമ്പോള്‍ സാധാരണയില്‍ കൂടുതല്‍ നീട്ടിയോതണം.
 
രണ്ടാമത്തെ കാരണം മദ്ദിന്റെ അക്ഷരങ്ങള്‍ക്കു ശേഷം സുകൂന്‍ വരിക എന്നതാണ്.ഇതും ഒരു ഉദാഹരണത്തിലൂടെ നമുക്കു മനസ്സിലാക്കാം.  الْحَاقَّةُ  എന്ന ഈ പദം നോക്കൂ.ഇതിലെ ح എന്ന അക്ഷരത്തിനെ നീട്ടാന്‍ ചേര്‍ത്തിട്ടുള്ള അലിഫ് ആണല്ലോ മദ്ദക്ഷരം.ആ അലിഫിന് ശേഷം സുകൂന്‍ വന്നിരിക്കുന്നു. ഇവിടെ എവിടെയാണ് സുകൂന്‍ എന്നായിരിക്കും സംശയം അല്ലെ?!. പറയാം... قَّ എന്ന شدّ  കൊടുത്തു ഇരട്ടിപ്പിച്ച അക്ഷരത്തിന്റെ യഥാര്‍ത്ഥ രൂപം قْ + قَ = قَّ എന്നാണല്ലോ!. അപ്പോള്‍ ഇവിടെ മദ്ദക്ഷരത്തിനു ശേഷം സുകൂനാണ് വന്നിട്ടുള്ളത്. ( الْحَاقْقَّةٌ )
 
ഇനി മറ്റൊരു ഉദാഹരണം കൂടി പറഞ്ഞു ഒന്നുകൂടി വ്യക്തമാക്കാം. وَلاَ الضَّالّينَ എന്ന പദം ശ്രദ്ധിക്കുക. ഇതില്‍ ض എന്ന അക്ഷരത്തെ നീട്ടാന്‍ ചേര്‍ത്തിട്ടുള്ള മദ്ദക്ഷരമായ അലിഫിനു ശേഷവും, 'ല്ലീന്‍' എന്നതിലെ ലാമിനെ ഇകാരത്തില്‍ നീട്ടാന്‍ ചേര്‍ത്തിട്ടുള്ള ي എന്ന മദ്ദക്ഷരത്തിനു ശേഷവും സുകൂന്‍ വരുന്നു.(ഇവിടെ ആയത്ത് അവസാനിപ്പിക്കല്‍ സുകൂനിലാണല്ലോ) [ وَلاَالضَّالْلِينْ ].
 
ഇപ്രകാരം മദ്ദക്ഷരത്തിനു ശേഷം ഹംസ:യോ, സുകൂനോ വന്നാല്‍ ആ മദ്ദക്ഷരത്തെ സാധാരണയില്‍ കൂടുതല്‍ നീട്ടിയുച്ചരിക്കണം.
 
 اَلْمَدُّالْفَرْعِيُّ  രണ്ടു കാരണങ്ങളാല്‍ ഉണ്ടാകുന്നു എന്നതും,
എന്താണ് ആ രണ്ടു കാരണങ്ങള്‍ എന്നതും ഇപ്പോള്‍ വ്യക്തമായിക്കാണുമല്ലോ.വ്യക്തമാകാത്ത ഭാഗങ്ങള്‍  ആവര്‍ത്തിച്ചു വായിക്കുക.
 
ഇനിയാണ് اَلْمَدُّالْفَرْعِي  ന്റെ വിത്യസ്ത അളവിലുള്ള നീട്ടലുമായി ബന്ധപ്പെട്ട വിശദമായ നിയമങ്ങള്‍ പഠിക്കാനുള്ളത്. ആ ഭാഗം നമുക്ക് അടുത്ത പേജില്‍ പഠിക്കാം.അവിടെ നമുക്ക് മദ്ദിന്റെ പാരായണ രീതിയുടെ വീഡിയോ ക്ലിപ്പുകളും കാണാം.
 
അഭ്യര്‍ത്ഥന:- അഭിപ്രായ-നിര്‍ദ്ദേശങ്ങള്‍
ആമുഖം പേജില്‍ അറിയിക്കുക.

 

 
===========  *******  ===========
 
<<<പാഠം ഏഴ്                       അടുത്ത പേജ്>>>