Sep 8, 2012

തുടര്‍ഭാഗം നാല്


ഇല്ല .. പറഞ്ഞുതീരട്ടെ... ഏറ്റവും വിധേയത്വവും വണക്കവും അല്ലാഹുവിനേ നൽകാവൂ. മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ മറ്റാർക്കും നൽകാൻ പാടില്ല. അത് ശിർക്കാണ്. അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കൽ അവർക്ക് ചെയ്യുന്ന ഇബാദത്തും തന്നിമിത്തം ശിർക്കുമാണെങ്കിൽ ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ എന്ന വിത്യാസമില്ല അവിടെ. മരിച്ചവരായാലും ജീവിച്ചിരിക്കുന്ന
വരായാലും അല്ലാഹു അല്ലാത്തവർക്ക് ഇബാദത്ത് ചെയ്യുന്നത് ശിർക്ക് തന്നെയാണ്.

ദൈവമാണെന്നതിന്റെ താത്പര്യം ഏറ്റവും വലിയ വണക്കവും വിധേയത്വവും അർപ്പിക്കപ്പെടാൻ അർഹൻ എന്നതാണ്. അപ്പോൾ ദൈവമായി പരിഗണിച്ചു കൊണ്ടുള്ള സഹായാർത്ഥനയും ദൈവീകതയുടെ ഭാഗമാണ്. ദൈവമാണെന്ന വിശ്വാസത്തോടെ അവർക്ക് മുന്നിൽ നിൽക്കലും പേരു വിളിക്കലും ശിർക്കാണ്.

സഹായം ചോദിക്കലും വെറുതെ നിൽക്കലും ശിർക്കാകുന്നത് ദൈവമാണെന്ന വിശ്വാസത്തിന്റെ ഫലമായിട്ടാണ്. നാം അല്ലാഹുവിനോട് സഹായം ചോദിക്കുന്നതും അല്ലാഹുവിന്റെ പേർ വിളിക്കുന്നതും ഒന്നും മിണ്ടാതെ തന്നെ പള്ളിയിൽ താ‍മസിക്കുന്നതും അഥവാ ഇഅ്തികാഫ് ഇരിക്കുന്നതും ഇബാദത്താണ്. കാരണം, അല്ലാഹു ദൈവമാണെന്ന വിശ്വാസത്തിന്റെ പരിണിതിയാണിതെല്ലാം.

ദൈവമാണെന്ന വിശ്വാസം ഉണ്ടെങ്കിലേ ഏറ്റവും വലിയ വിധേയത്വവും വണക്കവും അർപ്പിക്കാനാവൂ. ഒരു വസ്‌തു ദൈവമാണെന്ന വിശ്വാസത്തോടെ അതിനു വേണ്ടി ചെയ്യുന്നതും പറയുന്നതുമായ ഏതു കാര്യവും ഇബാദത്താണ്. അല്ലാഹു അല്ലാത്തവർക്കാവുമ്പോൾ ശിർക്കും.

ഇങ്ങിനെയാണെങ്കിൽ അല്ലാഹു ദൈവമാണെന്ന വിശ്വാസത്തോടെ ‘അല്ലാഹ്’ എന്ന വിളിയും, ലാത ദൈവ പുത്രിയാണെന്ന വിശ്വാസത്തോടെ ‘ലാതേ’ എന്ന വിളിയും വിളിക്കപ്പെട്ടവർക്കുള്ള ഇബാദത്ത് (ആരാധന) ആണ്.


നക്ഷത്രം, സൂര്യൻ, ചന്ദ്രൻ എന്നിവയെ നോക്കി ഇത് എന്റെ റബ്ബാണെന്ന് ഇബ്‌റാഹിംനബി (അ) പറഞ്ഞത് ക്വുര്‌ആനിലെ അൽ-അൻആം സൂറ:യില്‍ വന്നിട്ടുണ്ട്.

അറുത്തു കഷണങ്ങളാക്കിയ പക്ഷികളോട് നിങ്ങള്‍ പറന്നുവരൂ എന്ന് വിളിച്ചുപറയാന്‍ ഇബ്‌റാഹിംനബി (അ) യോട് അല്ലാഹു കല്‍പ്പിക്കുന്നതായി അൽ-ബഖറ സൂറയില്‍ വന്നിട്ടുണ്ട്.

മാതാപിതാക്കളും സഹോദരന്മാരും യൂസുഫ് നബി(അ)നു മുന്‍പില്‍ സുജൂദ് ചെയ്ത് വന്ദിച്ചിട്ടുണ്ട്. സൂറ:യൂസുഫില്‍ നോക്കുക.

ഹജറുൽ അസ്‌വദ് ചുംബിക്കാനും കൈകൊണ്ട് തൊട്ടുമുത്താനും ഇസ്‌ലാം നിർദ്ദേശിച്ചതായിത്തുള്ള ഹദീസ് ബുഖാരിയില്‍ കാണാം.

അല്ലാഹു ഒഴികെ ഏതൊന്നിനെയും ദൈവമാണെന്ന വിശ്വാസത്തോടെ സമീപിക്കുന്നതേ ശിർക്കാവൂ എന്നും ആ വിശ്വാസമല്ലാത്ത സ്ഥിതിക്ക് വിളിക്കുന്നതോ സഹായം തേടുന്നതോ വരാൻ ആവശ്യപ്പെടുന്നതോ ചുംബിച്ച് തലോടുന്നതോ ഒന്നുംതന്നെ ശിർക്കല്ലെന്നും ജീവിതമോ മരണമോ വിത്യാസമില്ലെന്നും ഇതിൽനിന്നു വ്യക്തമാണ്. ഈ പറഞ്ഞ സംഭവങ്ങളിലൊന്നും തന്നെ ഏറ്റവും വലിയ വിധേയത്വവും വണക്കവും അല്ലാഹുവിനല്ലാതെ അർപ്പിക്കുന്നില്ല.



മുസ്‌ല്യാരെ... ങ്ങളിപ്പോ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. അല്ലാഹുവിന്റെ കഴിവുകളെ കുറിച്ചും മറ്റുമൊക്കെ നന്നായി പറഞ്ഞെങ്കിലും അവസാനം ഒടുവിലെത്തെ അത്തഹിയ്യാത്തില്‍ വുദു മുറിഞ്ഞതുപോലെ മൊത്തത്തിലങ്ങു ബാത്വിലാക്കുകയും ചെയ്തു.

മുസ്‌ല്യാരെ... ഞാന്‍ ചോദിക്കട്ടെ.., അല്ലാഹു സ്വയംപര്യാപ്തനാണ്., അല്ലാഹുവിന്റെ കഴിവിന് പരിതിയോ പരിമിതികളോ ഇല്ല. എന്ന് നിങ്ങള്‍ പറഞ്ഞല്ലോ?.

****************************************************************

അതെ.. പറഞ്ഞു.




ശരി.,അല്ലാഹു തന്റെ സൃഷ്ടികളോട് ഏറ്റവുമധികം കാരുണ്യം ഉള്ളവനാണ്.,

ലോകത്ത് വിവിധ പ്രദേശങ്ങളില്‍ നിന്നും വിവിധ ഭാഷകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി പ്രാര്‍ഥിക്കുകയും സഹായാര്‍ത്ഥന നടത്തുകയും ചെയ്യുന്ന അനേകമനേകം മനുഷ്യരുടെ ആവശ്യങ്ങള്‍ ഒരേസമയം കേള്‍ക്കാനും കാണാനും ഉത്തരം നല്‍കാനുമുള്ള കഴിവും പ്രതാപവും അല്ലാഹുവിനു മാത്രമേയുള്ളൂ.
ഞാന്‍ പറയുന്ന ഈ കാര്യം ‍ മുസ്‌ല്യാര് സമ്മതിക്കുമോ?.


****************************************************************
അത്.. ആ... അതിപ്പോ അങ്ങനെതന്നെയാണ്. അതുകൊണ്ട്?....



ആത്മാര്‍ഥമായി മാപ്പപേക്ഷിക്കുന്ന തന്റെ ദാസന് പൊറുത്തു കൊടുക്കുന്ന കാരുണ്യവാനാണ്‌ അല്ലാഹു.,

എല്ലാ അനുഗ്രഹങ്ങളുടെയും ഖജനാവ് അവന്റെയടുത്താണ്., അവന്‍ നമ്മുടെ സ്രഷ്ടാവും പരിപാലകനുമാണ്. ഇതില്‍ ഏതിനെയെങ്കിലും നിഷേധിക്കാന്‍ മുസ്‌ല്യാര് തയ്യാറാകുമോ?.

ഇപ്പറഞ്ഞതൊക്കെ ഒരു സത്യവിശാസിയുടെ മനസ്സില്‍ കാത്തുസൂക്ഷിക്കേണ്ട അല്ലാഹുവിനെക്കുറിച്ചുള്ള അറിവും വിശ്വാസവുമല്ലേ?..

മുസ്‌ല്യാര്‍ ഇപ്പോള്‍ പറഞ്ഞ തൗഹീദില്‌ ഇതൊന്നും ഉള്പ്പെടില്ലേ?.. മുസ്‌ല്യാര് ആലോചിച്ചു പറയിന്‍.

****************************************************************



അത്.. അത്പ്പം പ്രത്യേകിച്ച് അലൊചിക്കാനൊന്നുമില്ലല്ലൊ!.



അതുകൊണ്ട് ആ സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ.. പ്രാര്‍ത്ഥനയും സഹായാര്‍ത്ഥനയും അവനോടുമാത്രമേ ആകാവൂ.(*) അവനില്‍ യാതൊന്നിനെയും പങ്കു ചേര്‍ക്കരുത്. എന്നു ഞാന്‍ പറഞ്ഞാല്‍...?


****************************************************************


അതെ, പ്രാര്‍ത്ഥന നടത്തിയാല്‍ അങ്ങനെതന്നെ. പക്ഷേങ്കിലും ഇലാഹാണ് എന്ന ഉദ്ദേശിച്ചുകൊണ്ടാണെങ്കില്‍ മാത്രമേ സഹായാര്‍ത്ഥനയും അങ്ങനെയാവൂ.



'ഇലാഹാണെന്ന്‍ ഉദ്ദേശിച്ചുകൊണ്ടാണെങ്കില്‍' എന്ന വര്‍ത്തമാനമൊക്കെ മാറ്റിവെക്കിന്‍ മുസ്‌ല്യാരെ. അതൊക്കെ ചിന്താശേഷിയില്ലാത്ത കുറെ സുന്നീപാവങ്ങളെ പൊട്ടീസാക്കാനുള്ള മുസ്‌ല്യാക്കന്മാരുടെ ഒരു വിദ്യയല്ലേ!. സാക്ഷാല്‍ ബഹുദൈവാരാധകര്‍ക്ക് പോലും ഇലാഹാക്കുക എന്ന ഉദ്ദേശം ഇല്ലായിരുന്നു(*) എന്ന് അല്ലാഹുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഞാന്‍ ഒന്നുകൂടി വ്യക്തമായി ചോദിക്കട്ടെ മുസ്‌ല്യാരെ., ഒരു അത്യാപത്തില്‍ പെട്ടുപോയ ഒരാള്‍ക്ക്‌ അല്ലാഹുവില്‍നിന്നുള്ള രക്ഷയും സഹായവും പെട്ടെന്ന് ആവശ്യമായി വന്ന ഘട്ടത്തില്‍ അയാളില്‍ നിന്നുണ്ടാകേണ്ട "അല്ലാഹുവേ കാക്കണേ"യെന്ന തേട്ടം അല്ലാഹുവല്ലാത്ത മറ്റൊന്നിലേക്കു പോയാല്‍ അത് ശിര്‍ക്കാകുമെന്നത് മുസ്‌ല്യാര്‍ അംഗീകരിക്കുന്നുണ്ടോ?.

****************************************************************



ആ .. അതൊക്കെ അംഗീകരികേണ്ടത് തന്നെ...



ശിര്‍ക്ക് വന്‍പാപമാണെന്നും അത് ചെയ്തുപോയാല്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടണം. അവനിലേക്ക്‌ പശ്ചാത്തപിച്ചു മടങ്ങണം. അല്ലാതെ മരണപ്പെട്ടു പോകുന്നപക്ഷം അല്ലാഹു ആ തെറ്റ് പൊറുത്തു കൊടുക്കുകയില്ല.(*)എന്ന് അല്ലാഹു മുന്നറിയിപ്പ് നല്‍കിയിട്ടില്ലേ?.


****************************************************************


അതെ.. അതും ശരിതന്നെ...




എങ്കില്‍ ഇങ്ങനെയൊക്കെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക്‌ ആപത്തു വരുമ്പോള്‍ എങ്ങനെയാണ് അല്ലാഹുവിനെയല്ലാതെ വിളിക്കാന്‍ സാധിക്കുക?!.

ആ മനുഷ്യന്റെ ഹൃദയാന്തര്ഭാഗത്തു നിന്നും അല്ലാഹുവേ കാക്കണേ എന്ന വിളിയല്ലേ വരേണ്ടത്?!. ഇനി അഥവാ ന്റെ മമ്പര്‍ത്തെ തങ്ങളേ കാക്കണേ എന്ന വിളിയാണ് അയാളില്‍ നിന്നും വരുന്നതെങ്കില്‍ അല്ലാഹുവിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം ദുര്‍ബലമാണെന്നും അതിനാല്‍ ആ മനുഷ്യന് അല്ലാഹുവിനെ വിളിക്കുന്നതിനേക്കാള്‍ സുഖവും സംതൃപ്തിയും മമ്പര്‍ത്തെ തങ്ങളെ വിളിക്കുമ്പോള്‍ കിട്ടുന്നു എന്നുമല്ലേ തെളിയുന്നത്?!.

സത്യത്തില്‍ ഇവിടുത്തെ സമസ്തക്കാരായ സുന്നികളില്‍ അധികവും ആപത്തു വരുമ്പോള്‍ ന്റെ മോയ്തീന്ശൈഖേ കാക്കണേ, ന്റെ മമ്പര്‍ത്തെ തങ്ങളേ കാക്കണേ, പുത്തന്‍പള്ളി മൂപ്പരേ കാക്കണേ എന്നൊക്കെ വിളിച്ചു തേടുന്നവരാണ്.

എന്നാല്‍, അവരോട് ഇതൊക്കെ തെറ്റാണ് സഹോദരങ്ങളേ.., ആപത്തില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നുമൊക്കെ രക്ഷതേടേണ്ടതും, പ്രയാസങ്ങള്‍ നീക്കി ഐശ്വര്യത്തെ ചോദിക്കേണ്ടതുമൊക്കെ നമ്മുടെ സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിനോടു മാത്രമാണ്.അല്ലാത്തപക്ഷം അത് അല്ലാഹു പൊറുക്കാത്ത വന്‌പാപമായിത്തീരും എന്നു പറഞ്ഞുക്കൊടുക്കേണ്ടത് മുസ്‌ല്യാക്കളുടെ ബാധ്യതയാണ്.

പക്ഷെ, അങ്ങനെ തിരുത്തിക്കൊടുക്കാനും പഠിപ്പിച്ചുകൊടുക്കാനുമുള്ള ഈമാനും പരലോകചിന്തയും മുസ്‌ല്യാക്കള്‍ക്കില്ലാതെ പോയി.
എന്തുകൊണ്ടെന്നാല്‍ പിന്നെ ആളുകള്‍ പ്രയാസങ്ങള്‍ നീങ്ങിക്കിട്ടാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു തുടങ്ങും. ആഗ്രഹ സഫലീകരണത്തിനു വേണ്ടി ജാറത്തില്‍ പോകുന്നത് അവസാനിപ്പിക്കും.

അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ പിന്നെ പണംവാരാന്‍ കെട്ടിപൊന്തിച്ച ജാറ വ്യവസായം തകര്‍ന്നു തരിപ്പണമാകും എന്ന് അവര്‍ക്കറിയാം. ജാറക്കമറ്റിക്കാരും മുസ്‌ല്യാക്കളും തമ്മിലുള്ള അവിശുദ്ധ ബന്ധം അതോടെ ഇല്ലാതാകും. അതുപോലെ, മൂക്കറ്റം തിന്നു വയറു വീര്‍പ്പിക്കാനും പോക്കറ്റ് നിറയ്ക്കാനും വേണ്ടി കെട്ടിയുണ്ടാക്കിയ സകല മാല-മൗലിദുകളും അട്ടത്തുകയറ്റി വെക്കേണ്ടിയും വരും.

അതിനാല്‍ സാധാരണക്കാരായ പാവം അനുയായികളെ പറ്റിക്കാന്‍ ആദ്യം കുറച്ചു തൗഹീദ് പറയും. പിന്നെ ഇബ്‌റാഹിംനബി (അ) സൂര്യനെയും ചന്ദ്രനെയുമൊക്കെ നോക്കിപ്പറഞ്ഞ(*) സംഭവവും, അതുപോലെ 'എന്റെ രക്ഷിതാവേ, മരിച്ചവരെ നീ ജീവിപ്പിക്കുന്നത്‌ എങ്ങനെയാണ്.' എന്ന ഇബ്‌റാഹിംനബി (അ)യുടെ ചോദ്യത്തിന് അല്ലാഹു നല്‍കിയ മറുപടിയു(*)മായി ബന്ധപ്പെട്ട സംഭവവും, യൂസുഫ്നബി(അ)യും അദ്ദേഹത്തിന്റെ പിതാവുമായും ബന്ധപ്പെട്ട സംഭവവുമൊക്കെ(*) എടുത്തുദ്ധരിച്ചുകൊണ്ട്‌ ഇതൊക്കെ മരിച്ചുപോയവരോട് സഹായാര്‍ത്ഥന നടത്തുന്നതിനു തെളിവായി അവതരിപ്പിക്കുകയും, എന്നിട്ട് ഇതൊന്നും തൗഹീദിനു എതിരായ കാര്യമല്ലെന്നു പറഞ്ഞു അവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും.

അങ്ങനെ ഈ പാവങ്ങള്‍ ആഗ്രഹ സഫലീകരണത്തിനും, രോഗം മാറാനും, മക്കളുണ്ടാകാനുമൊക്കെ ജാറങ്ങളിലേക്ക് ഒഴുകിത്തുടങ്ങും. ബര്‍ക്കത്തുണ്ടാകാനും, വീട്ടിലെ അസ്വസ്ഥതകള്‍ മാറിക്കിട്ടാനും മുസ്‌ല്യാക്കളെ വിളിച്ചു മൗലൂദോതിക്കും. അങ്ങനെ ഈ പാവങ്ങളെ ചൂഷണം ചെയ്തുകൊണ്ട് മുസ്‌ല്യാക്കന്മാര്‍ക്ക് പോക്കറ്റും വയറും വീര്‍പ്പിച്ചു ഏമ്പക്കംവിട്ടങ്ങനെ നടക്കാം. ഇതല്ലേ മുസ്‌ല്യാരെ യാഥാര്‍ത്ഥ്യം.?!.

(തുടരും)
---------------------------------------------
വി: ക്വുര്‍ആനില്‍ വന്നിട്ടുള്ള
പ്രവാചകന്മാരുടെ പ്രാര്‍ഥനകള്‍ കാണാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക.


================= ******* =================