Apr 2, 2013


ആദ്യത്തെ രക്തസാക്ഷി

(സുമയ്യ(റ)യുടെ ചരിത്രകഥ-തുടർച്ച)


മൂവരും പ്രവാചകന്റെ വീട്ടിലെത്തി. ആഗമനോദ്ദേശം പ്രവാചകനെ അറിയിച്ചു. പ്രവാചകസന്നിതിയിൽ വെച്ചു ഇസ്‌ലാം സ്വീകരിച്ചു. നബി(സ) അവരോട് കുറച്ചുനേരം സംസാരിച്ചു. അബൂഹുദൈഫയിൽ നിന്നും മറ്റും നേരിടേണ്ടി വന്നേക്കാവുന്ന ശിക്ഷകൾ, മർദ്ദനമുറകൾ എന്നവയെകുറിച്ചും പ്രവാചകൻ അവരെ ധരിപ്പിച്ചു. എന്നാൽ അതൊന്നും യാസിർകുടുംബത്തിന് ഒരു പ്രശ്നമേയല്ലായിരുന്നു. കാരണം അതെല്ലാം അവർക്ക് നന്നായി അറിയുന്ന കാര്യങ്ങളാണല്ലോ. 

"സുമയ്യാ... ഞാനീ കേട്ടതൊക്കെ ശരിയാണോ?.. നിങ്ങൾ മുഹമ്മദിന്റെ മതത്തിൽ ചേർന്നിരിക്കുന്നു എന്ന് ഞാനറിഞ്ഞത് സത്യം തന്നെയാണോ?. അല്ലായെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. കാരണം ഇന്നേവരെ എന്നെ ധിക്കരിച്ചിട്ടില്ലാത്ത - എന്നോട് സ്നേഹം മാത്രം കാണിച്ചിട്ടുള്ളവളാണ് നീ. സാധാരണ ഒരു അടിമക്ക് ലഭിക്കാത്ത പരിഗണനയും സ്നേഹവും ഞാൻ നിനക്കു നൽകിയിട്ടുണ്ട്. എന്റെ തണലിൽ ഒരു കുടുംബമായി ജീവിക്കുന്നവരാണ്‌ ഇന്നു നിങ്ങൾ". അബൂഹുദൈഫയുടെ ഗൌരവത്തോടെയുള്ള ചോദ്യം പക്ഷെ സുമയ്യയിൽ പ്രത്യേകിച്ചൊരു ഞെട്ടലുമുണ്ടാക്കിയില്ല. കാരണം ഇന്നോ നാളെയോ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളുടെ കുറെ ചിത്രങ്ങൾ സ്വന്തം മനസ്സിന്റെ ഭിത്തിയിൽ അവർ വരച്ചുകഴിഞ്ഞിട്ടുണ്ടായിരുന്നു.
ഇതാ, ഇപ്പോൾ അതിനൊരുതുടക്കമായിരിക്കുന്നു.

തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെ ശാന്തമായി അവർ ഇങ്ങനെ മറുപടി പറഞ്ഞു. " അങ്ങയോടു ഞങ്ങൾക്കുള്ള ബഹുമാനത്തിനോ, ആദരവിനോ യാതൊരു കുറവും വന്നിട്ടില്ല, വരികയുമില്ല, അങ്ങയെ സേവിക്കുന്നതിൽ ഒരു കുറവും ഞങ്ങൾ വരുത്തുകയുമില്ല. പിന്നെ ഞങ്ങളുടെ വിശ്വാസകാര്യം-അത്- ഞങ്ങളുമായിമാത്രം ബന്ധപ്പെട്ടതാണ്. മുഹമ്മദിൽ വിശ്വസിച്ചു എന്ന് അങ്ങ് കേട്ടത് ശരിതന്നെയാണ്".

ഇതു കേട്ടതും അബൂഹുദൈഫയുടെ കണ്ണുകൾ തീകനൽപോലെ ചുവന്നു. കോപത്താൽ അത് ജ്വലിച്ചു. ചാട്ടവാർ കയ്യിലെടുത്തുകൊണ്ട്‌ അയാൾ അലറി. "സുമയ്യാ.., സ്വബോധത്തോടെ തന്നെയാണോ നീയിത് പറയുന്നത്?. യാസിറേ.., ഇത് നിങ്ങൾ മൂവരും ഒന്നിച്ചെടുത്ത തീരുമാനമാണോ?".

"അതെ, ഇത് ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനം തന്നെയാണ്". പറഞ്ഞുതീർന്നതും മിന്നൽപ്പിണർ കണക്കെ മൂവരുടെയും ദേഹത്ത് ചാട്ടവാർ പ്രഹരമേറ്റു. തുരുതുരാ അത് താഴ്ന്നുയർന്നു. മൂവരും വേദനകൊണ്ട് പുളഞ്ഞു. തന്നെ പ്രസവിച്ചു പാലൂട്ടിവളർത്തിയ തന്റെ പൊന്നുമാതാവ് ചാട്ടവാറടിയേറ്റു വീഴുന്നത് 
നിസ്സഹായനായി നോക്കിനിൽക്കുന്ന ഒരു മകന്റെ ദയനീയമുഖം, തന്റെ സഹധർമ്മിണി കണ്‍മുന്നിൽ കിടന്നു പിടയുമ്പോൾ രക്ഷിക്കാൻ സാധിക്കാതെ മനംനൊന്തു നിൽക്കുന്ന ഭർത്താവ്,
സ്നേഹവാത്സല്യത്തോടെ  വളർത്തിയ തങ്ങളുടെ പൊന്നുമോന്റെ മേനിയിൽ ചാട്ടവാർ പതിയുന്നത് കാണാൻ കെല്പില്ലാതെ കണ്ണും ചെവിയും പൊത്തി ഹൃദയം തകർന്നുനിൽക്കുന്ന വൃദ്ധമാതാപിതാക്കൾ. പക്ഷേ ഇതൊന്നും അബൂഹുദൈഫയുടെ മനസ്സിൽ അല്പംപോലും കരുണയുണ്ടാക്കിയില്ല. ഓരോ അടിക്കിടയിലും അയാൾ ആക്രോശിച്ചുകൊണ്ടിരുന്നു- "പിന്തിരിയുന്നോ.,മുഹമ്മദിന്റെ മതത്തിൽനിന്നും പിന്തിരിയുന്നോ?".

" ഇല്ല, ഞങ്ങളെന്തിനു പിന്തിരിയണം? എന്തു തെറ്റാണ് ഞങ്ങൾ ചെയ്തത്?. നമ്മളെല്ലാവരെയും സൃഷ്ടിച്ച യഥാർത്ഥ ദൈവത്തിൽ വിശ്വസിച്ചു എന്നതാണോ ഞങ്ങൾ ചെയ്ത തെറ്റ്? എങ്കിൽ ഞങ്ങളിതാ ഉറപ്പിച്ചുപറയുന്നു. ആ ദൈവത്തെ മാത്രമേ ഞങ്ങൾ ഇനി ആരാധിക്കുകയുള്ളൂ. മുഹമ്മദിന്റെ പ്രവാചകത്വത്തിൽ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. അദ്ദേഹം നമ്മിലേക്ക് നിയോഗിക്കപ്പെട്ട ദൈവദൂതനാണ്‌".


അബൂഹുദൈഫയുടെ കോപം ഇരട്ടിച്ചു. ഇന്നുവരെ തന്നോട് കയർത്തൊരു വാക്കുപോലും പറഞ്ഞിട്ടില്ലാത്ത ഈ അടിമപ്പെണ്ണ് ഇപ്പോൾ എത്രമാത്രം മാറിയിരിക്കുന്നു. അതിനുമാത്രം എന്തുവിഷമാണ് മുഹമ്മദ്‌ ഇവരിൽ കുത്തിവെച്ചി
ട്ടുള്ളത്. കഠിനമായ മർദ്ദനങ്ങൾക്കുശേഷം "ഞാൻ നിങ്ങൾക്ക് ഒന്നുരണ്ടു ദിവസം ആലോചിക്കാൻ വേണ്ടി തരുന്നു." എന്ന് താക്കീത് നല്കിക്കൊണ്ടാണ് അയാൾ തിരിച്ചുപോയത്.

മൂന്നാംദിവസം വീണ്ടും അയാൾ വന്നു. അല്പം സ്നേഹം നടിച്ചുകൊണ്ട്‌ ചോദിച്ചു "എന്തു തീരുമാനിച്ചു സുമയ്യാ?."

"ഞങ്ങളുടെ തീരുമാനം അങ്ങയെ അന്നേ അറിയിച്ചതാണല്ലോ, അതിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു".

"അപ്പോൾ നമ്മുടെ പൂർവ്വീക മതത്തിലേക്കു മടങ്ങാൻ നിങ്ങൾ ഒരുക്കമല്ല അല്ലെ?, എങ്കിൽ നിങ്ങൾ മനസ്സിലാക്കിക്കൊള്ളുക. ഇനിമുതൽ നിങ്ങളെ കാത്തിരിക്കുന്നത് കഠിന ശിക്ഷയായിരിക്കും. കൊന്നുകളയും നിങ്ങളെ ഞാൻ". അബൂഹുദൈഫ പറഞ്ഞതു പ്രകാരം പ്രവർത്തിക്കുന്നവനാണ്. പിന്നീടങ്ങോട്ട് ആ അടിമകുടുംബത്തിനു നേരെ അതികഠിനമായ മർദ്ദനങ്ങളാണ് അയാൾ അഴിച്ചുവിട്ടത്. കയറിൽ ബന്ധിച്ചു മല്ലൻമാരെക്കൊണ്ട് വലിച്ചിഴപ്പിച്ചു ചുട്ടുപൊള്ളുന്ന മണലിൽ കൊണ്ടിടും. ആ മരുഭൂമിയിൽ കിടത്തി ചുട്ടുപൊള്ളുന്ന മണലിട്ടു മൂടും. അവർ അതിൽകിടന്നു പിടയുന്നതുനോക്കി ആർത്തട്ടഹസിച്ചു ചിരിക്കും. പക്ഷേ അബൂഹുദൈഫയുടെ ക്രൂരപീഡനങ്ങളൊന്നും ആ ദമ്പതികളെ ഒട്ടും തളർത്തിയില്ല. അല്ലാഹുവിലുള്ള ഉറച്ച വിശ്വാസം അത്രയുംവലിയ കരുത്താണ് അവർക്കു നല്കിയത്. യാസിർ കുടുംബത്തിന്റെ ദയനീയാവസ്ഥ പ്രവാചകൻ അറിയുന്നുണ്ടായിരുന്നു.നേരിട്ടു കാണാനിടയായ സന്ദർഭങ്ങളിലൊക്കെ അദ്ദേഹം അവരോട് പറഞ്ഞു."യാസിർകുടുംബമേ, ക്ഷമിക്കുക. നിങ്ങൾക്ക് സ്വർഗ്ഗമുണ്ട്.

അബൂഹുദൈഫ നടപ്പിലാക്കുന്ന ഓരോ ശിക്ഷകളും ഏറ്റുവാങ്ങുമ്പോൾ അവരുടെ വിശ്വാസം പതിന്മടങ്ങ്‌ വർദ്ധിക്കുകയായിരുന്നു. അതെ, ആ വിശ്വാസത്തിന്റെ മാധുര്യം അനുഭവിക്കാൻ സാധിക്കുക എന്നത് ഒരു ഉയർന്ന പദവിതന്നെയാ
ണ്.ഓരോ മർദ്ദനമുറകൾക്കു ശേഷവും അബൂഹുദൈഫ ചോദിക്കും. "പിന്മാറാൻ ഒരുക്കമുണ്ടോ?". അപ്പോഴെല്ലാം അവർ ഉച്ചൈസ്തരം പ്രഖ്യാപിച്ചുകൊണ്ടിരുന്നു - "ഞങ്ങളുടെ ജീവൻ നിലയ്ക്കുകയാണെങ്കിൽ പോലും അത് ഏകനായ അല്ലാഹുവിലുള്ള വിശ്വാസത്തെ മുറുകെ പിടിച്ചായിരിക്കും.അവൻ ഞങ്ങൾക്കു വാഗ്ദാനം ചെയ്തിട്ടുള്ള സൗഭാഗ്യത്തിനുമുന്നിൽ നിങ്ങളുടെ മർദ്ദനങ്ങൾ ഞങ്ങൾക്കു ആനന്ദമാണ് പകരുന്നത് അബൂഹുദൈഫാ".

എത്ര വലിയ ശിക്ഷ നല്കിയിട്ടും ഇവർ ഇസ്‌ലാമിനെ കൊയ്യൊഴിയുന്നില്ല എന്നുമാത്രമല്ല ഇവരിൽ വിശ്വാസ ദാർഢ്യം വർദ്ധിക്കുകയാണ് ചെയ്യുന്നത് എന്നു മനസ്സിലാക്കിയ അബൂഹുദൈഫ തല്ക്കാലം തിരിച്ചുപോയി.ആപോക്കിൽ 
അബൂഹുദൈയുടെ മുഖത്ത് ഒരു അതിക്രൂര തീരുമാനത്തിന്റെ ലക്ഷണം നിഴലിട്ടിരുന്നു.

പിറ്റേന്ന് അബൂഹുദൈഫ കൂട്ടുകാരനായ അബൂജഹലിനെയും കൂട്ടിയാണ് വന്നത്. ചെയ്യാൻ പോകുന്ന ക്രൂരകൃത്യം കാണാൻ എല്ലാവരെയും വിളിച്ചുകൂട്ടി. ഭർത്താവ് യാസിർ(റ)ന്റെയും മകൻ അമ്മാർ(റ) ന്റെയും മുന്നിൽ മഹതിയായ സുമയ്യ(റ)യെ കൈകാലുകൾ ബന്ധിക്കപ്പെട്ട നിലയിൽ കൊണ്ടുവന്നു കിടത്തി. അതവരെ തളർത്തിക്കളയുമെന്നും യാസിറും അമ്മാറും പിന്തിരിയുമെന്നും അബൂഹുദൈഫ കരുതിയിരിക്കണം. എന്നാൽ നേരെ തിരിച്ചാണു സംഭവിച്ചത്. അവർ സുമയ്യ(റ)യ്ക്ക് ധൈര്യം പകരുകയാണ് ചെയ്തത്. ഇത് അബൂഹുദൈഫയെയും അബൂജഹലിനെയും കൂടുതൽ കോപാകുലരാക്കി.

തിളങ്ങുന്ന കൂർത്ത മുനയുള്ള കുന്തവുമായി അബൂജഹൽ സുമയ്യ(റ)യുടെ സമീപത്തെത്തി. ഒരു അവസാന ശ്രമമെന്നോണം അബൂജഹൽ ചോദിച്ചു " സുമയ്യാ,.. ഇനിയും നിനക്ക് രക്ഷപ്പെടാൻ അവസരമുണ്ട്. ഇസ്‌ലാമിനെ കയ്യൊഴിയാൻ തയ്യാറുണ്ടോ?".അയാൾ അട്ടഹസിക്കുകയായിരുന്നു.

"അല്ലാഹുവിന്റെ ശത്രൂ.. നിന്റെ കയ്യിലുള്ള കുന്തം കണ്ടു ഞാൻ ഭയക്കുമെന്നു വിചാരിച്ചോ?. 
വിഡ്ഢീ..ഞാൻ എന്റെ റബ്ബിലാണ് അഭയംപ്രാപിച്ചിരിക്കുന്നത്.
നിനക്കെന്നെ പിന്തിരിപ്പിക്കാൻ സാധിക്കില്ലതന്നെ".
സുമയ്യ(റ)യുടെ കണ്ണുകളിൽ അതുവരെയില്ലാത്ത ഒരു തിളക്കം. നാസാരന്ധ്രങ്ങളിൽ എന്തോ സുഗന്ധം ആസ്വദിക്കുന്നതുപോലെ. പ്രശോഭിതമായ മുഖം. അബൂജഹലിന്റെ ഗർജ്ജനമൊന്നും ആ മഹതി ഇപ്പോൾ ശ്രദ്ധിക്കുന്നേയില്ല. അതെ, അവർ ഈ ലോകത്തുനിന്നും സ്വർഗ്ഗലോകത്തേക്ക് യാത്രതിരിക്കാനുള്ള ഒരുക്കത്തിലാണ്. ദിഗന്തങ്ങൾ വിറയ്ക്കുമാറുച്ചത്തിൽ ആക്രോശിച്ചുകൊണ്ട് അബൂജഹൽ കയ്യിലിരുന്ന കുന്തമുന ആ മഹതിയുടെ നാഭിയിലേക്ക് താഴ്ത്തിയിറക്കി. കുന്തം വലിച്ചൂരിയപ്പോൾ അമ്മാറിന്റെയും,യാസിറിന്റെയും ശരീരത്തേക്ക് രക്തം ചീറ്റി.  "അഹദ്, അഹദ്, ലാ ഇലാഹ ഇല്ലല്ലാഹ്..." സുമയ്യ(റ)യുടെ ചുണ്ടുകൾ മന്ത്രിച്ചു.പ്രവാചകന്റെ അനുയായികളിൽ ആദ്യത്തെ രക്തസാക്ഷി എന്ന മഹനീയ പദവിയിലേക്ക് ആ മഹതി ഉയർന്നുകഴിഞ്ഞിരിക്കുന്നു. ഇനിയൊരാൾക്കും എത്തിപ്പിടിക്കാനാവാത്ത ആ മഹോന്നത പദവിയിലേക്ക്.

ഒരു അടിമപ്പെണ്ണ് എന്നനിലയിൽ ആരാലും ഓർക്കപെടാതെ പോകുമായിരുന്ന ആ സ്ത്രീജന്മത്തെ ഇന്നും ലോകമെമ്പാടുമുള്ള സത്യവിശ്വാസികളുടെ നാവിനാൽ 'റദിയല്ലാഹു അൻഹാ' എന്ന ആശീർവ്വാദം ഏറ്റുവാങ്ങുന്ന നിലവാരത്തിലേക്ക് അല്ലാഹു ഉയർത്തി. ഏതു പ്രതിസന്ധിഘട്ടങ്ങളിലും പതറാത്ത വിശ്വാസം സ്വായത്തമാക്കാൻ സുമയ്യ(റ) യുടെ ചരിത്രം നമുക്ക് പ്രചോദനമാകേണ്ടതുണ്ട്. ചരിത്ര പഠനം ഉപകാരപ്രദമാകുന്നത് അപ്പോൾ മാത്രമാണ്. അല്ലാഹു അവന്റെ ഉത്തമ ദാസന്മാരിൽ നമ്മെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.

=========================  *******  =========================
 
ആദ്യഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

7 comments:

  1. യാസിർ കുടുംബം, ഉമ്മു അമ്മാർ (റ) ആവേശമാണവർ എന്നുമെന്നും നാഥാ അവർക്ക് വാഗ്ദാനം നൽകിയ സ്വർഗ്ഗത്തിൽ മുൻഗാമികളോടെപ്പം വസിക്കാൻ നങൾക്ക് നീ വിധിയേകണേ....

    ReplyDelete
  2. വളരെ നല്ല ചരിത്ര വിവരണം, മാഷാ അല്ലാഹ്... ഇനിയും മറ്റു സ്വഹാബി വര്യന്മാരുടെ ചരിത്ര കഥകൾ എഴുതാൻ അള്ളാഹു അനുഗ്രഹിക്കട്ടെ, ആ മഹാന്മാർ കടന്നുപോയ സ്വർഗത്തിൽ ഇടം നേടാൻ അള്ളാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കുമാറാവട്ടെ... ആമീൻ.

    ReplyDelete
    Replies
    1. ആമീൻ.. നന്ദി റാഫിഭായ്,. തീർച്ചയായും കൂടുതൽ ചരിത്രകഥകൾ ഉൾപെടുത്താൻ ആഗ്രഹിക്കുന്നു. ഇൻശാഅല്ലാഹ്.. ഒഴിവനുസരിച്ച് അതിനു ശ്രമിക്കുന്നതാണ്.

      Delete
  3. jazakallahu khair..usthaad

    ReplyDelete
    Replies
    1. aameen.. wa iyyakum. thanks rasheedbai

      Delete