Mar 25, 2013

ആദ്യത്തെ രക്തസാക്ഷി 


സുമയ്യ (റ). അറേബ്യയിലെ അനേകം അടിമപ്പെണ്ണുങ്ങളിൽ ഒരുവൾ. പിറന്നു വീണതുതന്നെ ഒരടിമയായിട്ടാണ്. അടിമകൾ സുഖജീവിതത്തെ കുറിച്ചു സ്വപ്നം കാണാറില്ല. സ്വന്തം വികാര വിചാരങ്ങളെ ഭൂമിക്കടിയിൽ കുഴിച്ചിട്ട് യജമാനന്റെ സുഖത്തിനു വേണ്ടിമാത്രം വിയർപ്പൊഴുക്കുന്നവരാണ് അവർ. രാവും പകലും ഒരുപോലെ പണിയെടുക്കാൻ വിധിക്കപ്പെട്ടവർ. കച്ചവടക്കാരന് പണം എണ്ണിക്കൊടുത്തശേഷം പുതിയ യജമാനൻ കൂട്ടിക്കൊണ്ടു പോകുന്നത് ഒരു മനുഷ്യപ്പരിഗണന നൽകിക്കൊണ്ടല്ല., മറിച്ച് ഒരു മൃഗത്തെ കൊണ്ടുപോകുന്നതുപോലെ കയറിൽ ബന്ധിച്ചു വലിച്ചുകൊണ്ടാണ്. അടിമസ്ത്രീകളുടെ കാര്യമാണ് ഏറെ കഷ്ടം. പകൽ മുഴുവനും ആട്ടും തുപ്പും ഏറ്റുവാങ്ങി എല്ലുമുറിയെ പണിയെടുത്താലും രാത്രിവിശ്രമം പലപ്പോഴും അവൾക്കന്യമാണ്. യജമാനന് ഉറക്കം വരാത്ത രാത്രികളിൽ അയാളുടെ കൈകാലുകൾ ഉഴിഞ്ഞുകൊടുത്തും, പകരമായി അയാളുടെ വായിൽനിന്ന് വരുന്ന പുലഭ്യങ്ങൾ ഏറ്റുവാങ്ങിയും നേരം വെളുപ്പിക്കേണ്ടി വരുന്നു.


സാധാരണ ഗതിയിൽ ഒരടിമസ്ത്രീയുടെ അവസ്ഥ ഇങ്ങനെയൊക്കെയാണെങ്കിലും സുമയ്യ(റ) യുടെ അടിമജീവിതം ഒരൽപം മെച്ചപ്പെട്ടതായിരുന്നു. മാന്യമായി പെരുമാറിയിരുന്ന അവരുടെ യജമാനൻ അബൂഹുദൈഫക്ക് തൻറെ അടിമ സുമയ്യയോട് വളരെ സ്നേഹമായിരുന്നു. എത്രത്തോളമെന്നാൽ, സുമയ്യ(റ)യ്ക്ക് യോജിച്ച ഒരാളെ ഭർത്താവായി അദ്ദേഹം നിശ്ചയിച്ചുകൊടുക്കുക പോലും ചെയ്തു. യമൻകാരനായ യാസിർ എന്ന അടിമയെ. അങ്ങനെ അബൂഹുദൈഫയുടെ വീട്ടിൽ വലിയ പ്രയാസങ്ങളൊന്നുമില്ലാതെ കഴിഞ്ഞിരുന്ന ആ അടിമദമ്പതികൾക്ക് താമസിയാതെതന്നെ ഒരു കുഞ്ഞും പിറന്നു. ആ കുഞ്ഞിനു അവർ നൽകിയ നാമകരണം അമ്മാർ എന്നായിരുന്നു.





കാലം മുന്നോട്ടു ഗമിച്ചു. ഒരു ദിവസം അബൂഹുദൈഫ അത്യധികം ജ്വലിക്കുന്ന കോപത്തോടെ വീട്ടിലേക്കു കയറിവന്നു. ഇരിപ്പുറക്കാത്തതിനാൽ കൂട്ടിലടക്കപ്പെട്ട സിംഹത്തെപ്പോലെ അദ്ദേഹം വരാന്തയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. യജമാനൻ കോപത്തിലായതിനാൽ സുമയ്യ(റ) അടുത്തേക്കു പോയില്ല. അല്പം കഴിഞ്ഞപ്പോൾ ഗർജ്ജിക്കുന്ന സ്വരത്തിൽ അബൂഹുദൈഫ യജമാനത്തിയോട് സംസാരിക്കുന്നത് കേട്ടു. " നമ്മുടെ മുഹമ്മദു ബ്നു അബ്ദുല്ലയില്ലെ,.. അവനിപ്പോൾ നബിയായിരിക്കുന്നത്രേ!, നമ്മിലേക്കയക്കപ്പെട്ട നബി., നമ്മുടെ വിശ്വാസാചാരങ്ങളെ നന്നാക്കലാണത്രെ അവന്റെ ദൗത്യം!., വിഗ്രഹങ്ങളെ ആരാധിക്കുന്നത് മഹാ അപരാധമാണുപോലും. അവരൊന്നും ദൈവങ്ങളല്ലത്രേ, ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിവില്ലാത്ത വെറും കല്ലുകൾ മാത്രമാണത്രേ അവ., ദൈവം ഒന്നേയുള്ളൂ എന്നാണവൻ പറയുന്നത്., നമ്മെയെല്ലാം സൃഷ്ടിച്ചതും നമ്മുടെയൊക്കെ എല്ലാകാര്യങ്ങളും നോക്കുന്നതും അവൻ പറയുന്ന ആ ഒരൊറ്റ ദൈവം മാത്രമാണത്രേ.!?

"താങ്കളൊന്നു അടങ്ങൂ അബൂഹുദൈഫാ.., അവനു വല്ല സിഹ്റ് ബാധയും ഏറ്റതായിരിക്കും., അല്ലെങ്കിൽ വിഗ്രഹകോപം ഏറ്റിട്ടുണ്ടാകും. പണ്ടേ അവൻ വിഗ്രഹാരാധനയിൽ താല്പര്യം ഇല്ലാത്തവനായിരുന്നല്ലോ?." ഭാര്യ ഭർത്താവ് അബൂഹുദൈഫയോട് പറഞ്ഞു.

"അല്ലന്നേ,.. വളരെ അപകടം പിടിച്ച പലതും അവൻ പറയുന്നുണ്ട്. മനുഷ്യരെല്ലാം സമന്മാരാണത്രേ, യജമാനന്മാരായ നമുക്കും നമ്മുടെ അടിമകൾക്കുമിടയിൽ യാതൊരു വ്യത്യാസവുമില്ലത്രേ.., നമ്മുടെ മക്കളും കറുത്ത അടിമച്ചെക്കന്മാരും ഒരുപോലെയാണെന്ന്!. അഹങ്കാരി.. ധിക്കാരി.. ദ്രോഹി". അബൂഹുദൈഫയുടെ അലർച്ച ചുറ്റുപാടുകളെ പ്രകമ്പനം കൊള്ളിച്ചു.

അസ്വസ്ഥത നിറഞ്ഞ ആ വീട്ടന്തരീക്ഷത്തിൽ സുമയ്യ യാസിർ ദമ്പതികൾ തങ്ങളുടെ സ്വകാര്യതയിലേക്ക് ഉൾവലിഞ്ഞു. അബൂഹുദൈഫയുടെ ഓരോ വാക്കും അവരുടെ മനസ്സുകളിൽ ഒരായിരം ചിന്തകൾക്ക് തിരികൊളുത്തിയിരുന്നു. യാസിറും സുമയ്യയും അമ്മാറും കൂടിയിരുന്ന് ചർച്ച ചെയ്തു. മുഹമ്മദിനെ കുറിച്ച് നമുക്ക് പണ്ടേ അറിയാമല്ലോ., അദ്ദേഹം അൽ അമീനാണ്. തമാശക്കുപോലും കളവു പറയാറില്ലാത്ത മാന്യനാണ് അദ്ദേഹം. തീർച്ചയായും അദ്ദേഹം പറയുന്നത് സത്യം തന്നെയാണ്. വിഗ്രഹങ്ങൾ വെറും കല്ലുകൾ തന്നെ. നമ്മൾ മനുഷ്യർ കൊത്തിയുണ്ടാക്കുന്ന ഓരോ രൂപങ്ങൾ മാത്രം. അവയൊന്നും യഥാർഥത്തിൽ ദൈവങ്ങളല്ല. ആയിരുന്നുവെങ്കിൽ അടിമകളായ നമ്മുടെ പെണ്‍കുട്ടികളെ പിച്ചിച്ചീന്തി ആഘോഷിക്കാൻ ആ ദൈവങ്ങൾ കൂട്ടുനിൽക്കുമായിരുന്നില്ല. അവരെ സാക്ഷി നിറുത്തിയല്ലേ യജമാനന്മാരും പണക്കാരും ഈ ക്രൂരവിനോദങ്ങൾ നടത്താറുള്ളത്. സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു മറയായി ഇവർ പടച്ചുണ്ടാക്കിയവ മാത്രമാണ് ഈ വിഗ്രഹങ്ങളൊക്കെയും. നമ്മെയൊക്കെ സൃഷ്ടിച്ച ഒരു സ്രഷ്ടാവുണ്ടെങ്കിൽ അവനെ തന്നെയല്ലേ നമ്മൾ ആരാധിക്കേണ്ടത്?!. അവർ ഒരു തീരുമാനത്തിലെത്തി. മുഹമ്മദിൽ വിശ്വസിക്കുക തന്നെവേണം. അദ്ദേഹം പറയുന്ന മതം സ്വീകരിക്കണം. ഇന്നേവരെ നമുക്ക് സ്വന്തമായി ഒരു മതമുണ്ടായിട്ടില്ലല്ലോ!. മാറിമാറിവരുന്ന യജമാനന്മാരുടെ മതം ഏതാണോ അതാണ്‌ പാവം നമ്മൾ അടിമകളുടെയും മതം.

മുഹമ്മദിൽ വിശ്വസിച്ചാൽ പിന്നീട് തങ്ങളെ കാത്തിരിക്കുന്ന ദുരന്താനുഭവങ്ങൾ എന്തൊക്കെയാണെന്ന് യാസിർ സുമയ്യ ദമ്പതികൾക്ക് നന്നായിട്ടറിയാം. കാരണം അവർ അടിമകളാണ്. അടിമകൾക്ക് സ്വന്തമായ അഭിപ്രായങ്ങളോ, തീരുമാനങ്ങളോ ഇല്ല. എല്ലാം യജമാനന്മാർക്ക്‌ തീറെഴുതപ്പെട്ടതാണ്. അതിനാൽ  അബൂഹുദൈഫ ഏതുതരം ശിക്ഷ നടപ്പാക്കിയാലും, എത്ര ക്രൂരമായ നടപടിയെടുത്താലും തങ്ങളെ രക്ഷിക്കാനോ സഹായിക്കാനോ ഒരു നിയമവും സംവിധാനവും ഇല്ല എന്ന് അവർക്ക് നല്ല ബോധ്യമുണ്ട്., എന്നിട്ടും എല്ലാം നേരിടാനുള്ള മനക്കരുത്തോടെ ആ ദമ്പതികൾ പ്രവാചക സന്നിധിയിലേക്ക് പുറപ്പെട്ടു. തുടിക്കുന്ന ഹൃദയത്തോടെ.. സത്യം പുൽകാനുള്ള ആവേശത്തോടെ ...  (തുടർന്നു വായിക്കാൻ ക്ലിക്ക് ചെയ്യുക)



==========================  *******  ==========================

3 comments:

  1. വിശ്വാസ രംഗത്ത് സ്വഹാബത്ത് അനുഭവിച്ച ത്യാഗങ്ങള്‍ അതുല്യമാണ് .സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ എഴുതിയ ഈ ചരിത്രം വളരെ നന്നായി .ഇനിയും തുടരുക.

    ReplyDelete
    Replies
    1. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. ഇതിന്റെ ബാക്കികൂടി പൂർത്തിയാക്കേണ്ടതുണ്ടല്ലോ എന്നതിനാലാണ് ആദ്യം ഇതിലെ കമന്റ്‌ ബോക്സ്‌ നല്കാതിരുന്നത്.

      Delete
  2. ചരിത്രം വെറും കഥയല്ല. മുൻപേ നടന്നവരുടെ കാലടികളാണത് . അതിൽ ത്യാഗത്തിന്റെ അടയാളങ്ങൾ നിഴലിക്കുമ്പോൾ നമുക്ക് കൂടുതൽ ഊര്ജ്ജം ലഭിക്കും. സ്വയം വിചാരത്തിനു വക നല്കും. ഈ ഉദ്യമം എന്ത് കൊണ്ടും അഭിനന്ദനം അര്ഹിക്കുന്നു. തുടരുക

    ReplyDelete